Tuesday, September 20, 2016

ഷേക്‌സ്പിയർ രചനകളുടെ പിന്നാമ്പുറക്കഥകൾ-ഭാഗം ഒന്ന്

സൈകതം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതിന്‍റെ ലിങ്ക് ഇവിടെ 
പുസ്തകം- ഷേക്‌സ്പിയേഴ്‌സ് സ്റ്റോറി ബുക്ക് (Shakespeaer's Story book)
പുനരാഖ്യാനം -പാട്രിക് റിയാൻ(Patrick Ryan)
ചിത്രം വര- ജെയിംസ് മേഹ്യൂ(James Mayhew)
പ്രസിദ്ധീകരിച്ചത് - ബെയർ ഫുട്ട് ബുക്ക്‌സ് (Barefoot Books)

ഭാഗം-ഒന്ന്

വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ സ്റ്റ്രാറ്റ്‌ഫോഡ് അപ്പോൺ എവണിലെ വീടും അദ്ദേഹത്തിന്റെ ഗ്ലോബ് തീയേറ്ററും സന്ദർശിച്ചത് അഞ്ചു വർഷം മുമ്പാണ്. ഇപ്രാവശ്യത്തെ, അതായത് 2015 ലെ രണ്ടാം വരവിനാണ് 'ഷേക്‌സ്പിയേഴ്‌സ് സ്റ്റോറിബുക്ക് ' വായിക്കാനിടയായത്. കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമാണ്, പക്ഷേ വലിയവർക്കും വായിക്കാം, ഇഷ്ടപ്പെടും.

ഷേക്‌സ്പിയർ കൃതികളുടെ, കുട്ടികൾക്കു വേണ്ടിയുള്ള സംഗ്രഹ കഥകൾ എന്നു കരുതിയാണ്, വാസ്തവത്തിൽ ബുക്ക് വായിക്കാൻ എടുത്തത്. പക്ഷേ അതല്ല, ഏഴു കൃതികളുടെ വളരെ ചുരുക്കിയ കഥാസാരവും ഓരോ കഥയുടേയും പിന്നാമ്പുറക്കഥകളുമാണ് പുസ്തകത്തിലുള്ളത്. പലതും നമ്മളും കേട്ടിട്ടുള്ള വളരെ പ്രശസ്തമായ നാടോടി കഥകൾ! പുനരാഖ്യാനം നടത്തിയ പാട്രിക് റയാൻ ആമുഖത്തിൽ പറയുന്നതിങ്ങനെ-'ഒരു നല്ല കഥ ഒന്നിൽ കൂടതൽ പ്രാവശ്യം പറയുന്നതിന് യോഗ്യമാണ് എന്ന് ഒരു നല്ല കഥപറച്ചിലുകാരന് അറിയാം. ' ഷേക്‌സ്പിയർ ഇക്കഥകൾ സ്വന്തം കുടുംബത്തിലും ഗ്രാമത്തിലും നിന്ന് വാമൊഴിയായി കേട്ടതാവാം, പിന്നീട് ഗ്ലോബ് തിയേറ്റിനുവേണ്ടി ഇവയെല്ലാം പുനഃസൃഷ്ടിക്കപ്പെട്ടതാവാം' എന്നും പറയുന്നു.

ശരിയാണ്, പലവട്ടം പറയാം, ഒരേ ആശയം പലർക്കും തോന്നുകയും ചെയ്യാം. ഓരോ സിനിമ ഇറങ്ങുമ്പോഴും നമ്മുടെ നാട്ടിൽ മോഷണം, മോഷണം എന്ന് മുറവിളി വരാറുണ്ട്. ചിലവ മനഃപൂർവ്വം കോപ്പിയടിക്കുന്നതാവാം, പക്ഷേ എല്ലായ്‌പ്പോഴും അതു മോഷണമാവണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ വട്ടം നമ്മുടെ 'യോദ്ധാ'യുമായി അങ്ങേയറ്റം സാമ്യമുള്ള ഒരു സിനിമ കണ്ടിരുന്നു, പേരു മറന്നു, അതു മാത്രമല്ല, പലതും കണ്ടു. പല രാജ്യത്ത് പല കാലത്ത് ജീവിക്കുന്നവർക്ക്, ജീവിച്ചിരുന്നവർക്ക് ഒരേ പോലെ ചിന്തിച്ചു കൂടാ എന്നില്ലല്ലോ.

ഓരോ പിന്നാമ്പുറക്കഥയ്ക്കും പല സ്രോതസ്സുകൾ ഉണ്ടാവാമെന്നും, കഥാകാരനും ശ്രോതാക്കളും മാറുന്നത് അനുസരിച്ച് കഥയും കുറേയൊക്കെ വ്യത്യസ്തമാവാം എന്നും തന്റെ കാര്യമാത്ര പ്രസക്തമായ ചെറു അവതാരികയിൽ പാട്രിക് പറയുന്നുണ്ട്.

ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം, പുനരാഖ്യാനകാരൻ പറഞ്ഞുവയ്ക്കുന്നവയാണ്. പക്ഷേ കൃത്യമായ പരിഭാഷ അല്ല് എന്നു മാത്രം.

1. ദ ടെയിമ്ംഗ് ഓഫ് ദി ഷ്രൂ.(1592)

'ശുണ്ഠിക്കാരിയെ മെരുക്കൽ' എന്ന നാടകം ഷേക്‌സ്പിയറിന്റെ ആദ്യകാലകൃതികളിലൊന്നാണ്. മുശടൻ സ്വഭാവത്തിന്റെ പേരിൽ ആരും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടാതിരുന്ന കാതെറീനയുടേയും അവളെ മെരുക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് വിവാഹം കഴിച്ച് നല്ലവഴിക്കു നടത്തുന്ന പെത്ര്യൂക്യോവിന്റേയും കഥ പറയുന്നു ഈ ശുഭപര്യവസായിയായ നാടകം. വിവാഹം ചെയ്യുന്നത് തുല്യരായവർ തമ്മിൽ വേണമെന്നാണ് ഈ നാടകത്തിന്റെ പ്രധാന സന്ദേശം നമ്മുടെ ആഗ്രഹപൂർത്തികരണത്തിന് കരുണയോടെയുള്ള സമീപനം എത്രമാത്രം ഉതകുമെന്ന് പെത്ര്യൂക്യോ കാതെറീനയ്ക്ക് കാണിച്ചു കൊടുക്കുകയാണ് ഇവിടെ.

ഐറിഷ്, വെൽഷ്, ഇംഗ്ലീഷ് എന്നിങ്ങനെ ഈ കഥയ്ക്ക് പല ഉറവിടങ്ങൾ പറയാമെങ്കിലും ഇവിടെ ആധാരമായി പറയുന്നത് 'ദി ഡെവിൾസ് ബെറ്റ്' (പിശാചിന്റെ പന്തയം) എന്ന കഥയാണ്. പക്ഷേ ഈ കഥയിൽ വെയിൽസിലെ ഗ്വെന്റ് നദിയിലുള്ള 'നിക്കി നിക്കി നൈ' എന്നൊരു പിശാച് പ്രധാന കഥാപാത്രമാണ്.

വിധവയായ അമ്മ ഓമനിച്ചു വളർത്തി നശിപ്പിച്ച വഴക്കാളിയായ നോറയാണ് ഇതിലെ നായിക. അടുത്തൊരു കാട്ടിൽ താമസിച്ചിരുന്ന ജേമിയാണ് ഇതിലെ നായകൻ. ജേമിയുടെ വീട്ടിലെ കിണറ്റിലാണ് നിക്കി നിക്കി നൈ താമസിച്ചിരുന്നത്. നായികയെ കണ്ടുമുട്ടുന്ന നായകൻ അവളെ 'മര്യാദ പഠിപ്പിക്കൽ ' വിവാഹത്തിനു മുമ്പേ തന്നേ തുടങ്ങുന്നു. കുറേശ്ശെ കുറേശ്ശെ ആയി 'തട്ടു' കൊടുത്ത് നോറയെ നന്നാക്കുന്നതിനിടയിൽ പിശാചും പണി തുടങ്ങി. നോറയെ അവിടെ നിന്നു തുരത്തുമെന്ന് പന്തയം വച്ച പിശാചിനോട്, തന്നെ ഓടിക്കാനാവില്ലെന്ന് നോറയും വെല്ലുവിളിച്ചു. പലതും പയറ്റി നോക്കിയ നോറ ഒടുവിൽ തന്റെ നല്ല പാതി ഉപദേശിക്കുന്ന കരുണകൊണ്ട് തന്നെ പിശാചിനെ നേരിട്ടു, ഇത് സഹിക്കാനാകാതെ ദേഷ്യം മൂത്ത് അത് ശ്വാസം വലിച്ചു പിടിച്ചു പിടിച്ച് സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാകയും ചെയ്തു. വഴക്കാളിത്തരം എല്ലാം മാറി 'തങ്കക്കമ്പി'യായി മാറിയ നോറ, ജേമീക്കൊപ്പം സസൂഖം ജീവിച്ചു.

2. റോമിയോ ആൻഡ് ജൂലിയറ്റ് (1595)

ഷേക്‌സ്പിയറിന്റെ ആദ്യകാല ദുരന്തനാടകങ്ങളിലൊന്നായ ഇത് എക്കാലത്തേയും കൊണ്ടാടപ്പെട്ട ജനപ്രിയ പ്രണയകഥയാണ്. ഇറ്റലിയിലെ ചെറുനഗരമായ വെറോണയിൽ പരസ്പരശത്രുതയിൽ കഴിഞ്ഞിരുന്ന ഇരുകുടുംബങ്ങളിൽ പെട്ട റോമിയോയും ജൂലിയറ്റും അനുരക്തരാവുന്നതും, പിന്നീട് രഹസ്യമായി വിവാഹിരായ ഇവർ വീട്ടുകാർ മൂലം മരണപ്പെടാൻ ഇടയാകുന്നതുമാണല്ലോ ഈ കഥ.

ഈ ദുരന്തനാടകത്തിന്റെ മൂലകഥകളെന്നു വിശേഷിപ്പിക്കാവുന്നവ മൂന്നെണ്ണമുണ്ട്. പക്ഷേ 1474 ൽ എഴുതപ്പെട്ട, മസ്സൂച്ചോ സലെറിന്റാനോ യുടെ 'ഇല് നൊവെല്ലീനോ' ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതായി ഗണിച്ചു പോരുന്നത്.  പ്രണയിതാക്കളുടെ കുലനാമം ഉള്ള ആളുകൾ ഇപ്പോഴും വെറോണയിലുണ്ടെന്നതിനാലാവാം, ഇത് നടന്ന കഥയാണെന്ന് പലരും കരുതുന്നു. ജൂലിയറ്റിന്റേതെന്നു കരുതപ്പെടുന്ന വീട് കാണാൻ പലരും വെറോണയിലെത്തുന്നു. റോമിയോ ജൂലിയറ്റിനെ പ്രണയിച്ചതെന്നു കരുതപ്പെടുന്ന മുകൾനിലയിലെ തുറന്ന മുകപ്പ് പോലും ഇപ്പോഴും കാണാം. രണ്ടാം നിലയിലെ മുറിയിലെ നായികയും ഗേറ്റിനു പുറത്ത് നിൽക്കുന്ന നായകനും ഉള്ള 'ആമേൻ' സിനിമയിലെ പ്രണയരംഗങ്ങളാണ് ഇതു വായിച്ചപ്പോഴും പുസ്‌കത്തിലെ മനോഹര കളർ ചിത്രം കണ്ടപ്പോഴും ഓർമ്മ വന്നത്.

'ഹിൽ ഓഫ് റോസസ് ' -റോസാപ്പൂക്കളുടെ കുന്ന്-എന്നു പേരിട്ടിരിക്കുന്ന പ്രണയകഥയാണ് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. കുന്നിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ജനങ്ങൾ കടുത്ത ശത്രുതയിലായിരുന്നു. എപ്പോഴും വിജനവമായിരുന്ന ആ കുന്ന് ഇരു ഗ്രാമക്കാരും ശ്മശാനമായി ഉപയോഗിച്ചിരുന്നു താനും. ചിലർ ധൈര്യശാലിയെന്നും മറ്റു ചിലർ ഭ്രാന്തചിത്തനെന്നും വിശേഷിപ്പിച്ച റോമിയൂസ് ഒരു ഗ്രാമത്തിൽ കഴിഞ്ഞിരുന്നു. ശത്രുഗ്രാമത്തിലായിരുന്നു ലോകത്തിലേക്കും വച്ച് ഏറ്റവും സുന്ദരിയായ പെൺകുട്ടി ജൂലിയെറ്റയും അവളുടെ സഹോദരൻ റ്റിബോറ്റും താമസിച്ചിരുന്നത്. 'ആഹാ, ഞാൻ അവളെ കാണും, എന്തായാലും വേഷപ്രച്ഛന്ന വിരുന്നല്ലേ നടക്കാൻ പോകുന്നത്, ' റോമിയൂസ് വീമ്പു പറഞ്ഞു, 'എങ്കിൽ അതൊന്നു കാണട്ടെ ' എന്ന് ചങ്ങാതി ക്വിക്‌സിൽവർ അവനെ എരികയറ്റി.

അങ്ങനെ വേഷം മാറിയ റോമിയൂസ് വിരുന്നിനു പോയി, ജൂലിയെറ്റയുടെ കൈ കവർന്ന് നൃത്തവും വച്ചു, അനുരക്തരുമായി! നൃത്താവസാനത്തിനു മുമ്പ് പിൻവാങ്ങിയ റോമിയൂസിനെ ജൂലിയെറ്റ അനുഗമിച്ചു, ശ്മശാനത്തിലൂടെ ചാടിക്കടന്ന് കുന്നുകയറിപ്പോകുന്ന അവൻ ശത്രു ഗ്രാമക്കാരനെന്ന് മനസ്സിലാക്കിയിട്ടും  പിന്മാറാതെ അവൾ അവനെ വിളിച്ചു, അവൻ ഓടി വന്നു, നിറനിലാവ് സാക്ഷിയാക്കി അവർ നീണ്ടുനിന്ന ചുംബനാലിംഗനത്തിലമർന്നു. പിന്നെ അവർ അവിടെവച്ച് പരസ്പരം കാണാൻ തുടങ്ങി. ഒരു ചുവന്ന റോസാപ്പൂവ് ജൂലിയെറ്റയ്ക്കും വെളുത്ത റോസാപ്പൂവ് റോമിയോവിനും കൈമാറിയാണ് കുന്നിൻപുറത്ത് എത്തും എന്ന സന്ദേശം ഇരുവരും പരസ്പരം എത്തിച്ചിരുന്നത്. തങ്ങളുടെ വിവാഹം വഴി ഇരു ഗ്രാമക്കാരും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനാവുമെന്നും മോഹിച്ചു.

ഒരു നാൾ, കനത്ത ഹിമപാതമുള്ളൊരു രാത്രി, ജൂലിയറ്റെയെ വീട്ടിൽ കൊണ്ടു ചെന്നാക്കാനും അന്നു രാത്രി അവിടെ തങ്ങാനും തന്നെ അനുവദിക്കണമെന്ന് റോമിയൂസ് അപേക്ഷിച്ചു. പക്ഷേ വിവാഹത്തിനു മുമ്പ് ഒന്നിച്ചു കഴിയാനാവില്ല എന്ന ജൂലിയെറ്റയുടെ നിലപാട് അറിഞ്ഞപ്പോൾ ഉടനേ തന്നെ വിവാഹം നടത്താം എന്ന് അവർ പള്ളിയിലെത്തി, വിവരങ്ങൾ മനസ്സിലാക്കിയപ്പോൾ, ഈ വിവാഹം ഗ്രാമീണരുടെ സ്പർദ്ധ ഇല്ലാതാക്കും എന്നു പ്രത്യാശിച്ച വൈദികൻ കൂദാശ നടത്തിക്കൊടുത്തു. വിവാഹിതരായി അവർ ജൂലിയെറ്റയുടെ മുറിയിൽ രാത്രി കഴിച്ചുകൂട്ടി. അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം. പിറ്റേന്ന് രാവിലെ റോമിയൂസ് ഇരുചെവിയറിയാതെ സ്വന്തം നാട്ടിലേക്കു മടങ്ങി. ഇരുവരും അന്ന് താന്താങ്ങളുടെ വീട്ടിൽ വിവരം അറിയിക്കാനായിരുന്നു തീരുമാനം. പക്ഷേ സഹോദരിയെ നിരീക്ഷിച്ചിരുന്ന റ്റിബോറ്റ് അവൾക്ക് ശത്രുഗ്രാമത്തിൽ ഒരു പ്രണേതാവുണ്ട് എന്നു മനസ്സിലാക്കിയിരുന്നു.

റ്റിബോറ്റിന്റെ നേതൃത്വത്തിൽ തന്റെ ഗ്രാമം ആക്രമിക്കപ്പെടുന്നതു കണ്ടുകൊണ്ടാണ് റോമിയൂസ് തിരികെയെത്തിയത്. തന്റെ ഭാര്യാസഹോദരനായ റ്റിബോറ്റിനെ വധിക്കാൻ ശ്രമിച്ച ക്വിക്‌സിൽവറിനെ റോമിയൂസ് തടഞ്ഞു, പക്ഷേ രക്ഷപ്പെട്ട റ്റിബോറ്റാവട്ടെ ക്വിക്‌സിൽവറിനെ ആ അവസരമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയാണ് ചെയ്തത്. റോമിയൂസ് എല്ലാവരേയും ഒറ്റയ്ക്ക് തുരത്തിയോടിക്ക തന്നെ ചെയ്തു.

തിരികെ വീട്ടിലെത്തിയ റ്റിബോറ്റ്, സഹോദരിയോട് കാര്യങ്ങൾ പറഞ്ഞു. തങ്ങൾ തലേന്നു വിവാഹിതരായെന്നു പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ താൻ വിളിച്ചുകൊണ്ടുവരുന്ന ആളിനെ ജൂലിയെറ്റ വിവാഹം ചെയ്തിരിക്കും എന്നു റോമിയൂസ് തറപ്പിച്ചു പറഞ്ഞു. ജൂലിയെറ്റ വീണ്ടും വൈദികന്റെ അടുത്ത് അഭയം തേടി. ഇരുവരും ആലോചിച്ച് ജൂലിയെറ്റ ഒരു പ്രത്യേക കഷായം കുടിച്ചു. അതുകുടിച്ചാൽ മൂന്നു ദിവസത്തേക്ക് മരിച്ചതുപോലെ കിടക്കും, പക്ഷേ യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ടാവുകയുമില്ല. ജൂലിയെറ്റയുടെ സംസ്‌ക്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയം മുഴുവൻ വൈദികൻ സമാധാനം സ്ഥാപിക്കുന്നതിനായി റ്റിബോറ്റയോടു കെഞ്ചി. പക്ഷേ, വൃഥാവിലായി ആ കെഞ്ചൽ.

സംസ്‌ക്കാരം കഴിഞ്ഞയുടൻ തന്റെ സഹോദരി ഹൃദയം പൊട്ടി മരിക്കുന്നതിനു കാരണക്കാരനായി റോമിയൂസിനെ കൊല്ലുമെന്നായിരുന്നു റ്റിബോറ്റിന്റെ തീരുമാനം. നിവൃത്തിയില്ലാതെ പള്ളി അങ്കണത്തിൽ നിന്ന് ഒരു വെളുത്ത റോസാപ്പൂവ് പറിച്ച് അതിൽ ജൂലിയെറ്റ മരിച്ചിട്ടില്ലെന്നും അവളെ അവളുടെ ശവകുടീരത്തിൽ സന്ദർശിക്കണമെന്നും എഴുതിയ ഒരു കുറിമാനം വച്ച് റോമിയൂസിന് സന്ദേശം എത്തിച്ചു. ആ രാത്രി റോമിയൂസ് ശവകുടീരത്തിലെത്തി, പക്ഷേ അവിടെ റ്റിബോറ്റ് കാവൽ നിന്നിരുന്നു. റ്റിബോറ്റിന്റെ വെട്ടേറ്റ് റോമിയൂസ് മരണപ്പെട്ടു. ഉണർന്നെഴുന്നേറ്റ ജൂലിയെറ്റ പ്രേതമാണോ ആത്മാവാണോ എന്നറിയാത്ത റ്റിബോറ്റ് ഭയന്ന് ക്ഷമ ചോദിച്ചു. ഇരു ഗ്രാമക്കാരുടേയും ഇടയിൽ സമാധാനം വരുത്തണം എന്ന ആവശ്യം അയാൾ അംഗീകരിച്ചു, ജൂലിയെറ്റയുടെ ശവകുടീരത്തിൽ റോമിയൂസിനെ സംസ്‌ക്കരിച്ചു. എല്ലാവരുടേയും യാചന നിരസിച്ച് ജൂലിയെറ്റ ശവകുടീരത്തിൽ തന്നെ താമസമാക്കി. അവൾ അവിടം ഒരു പുണ്യസ്ഥലമാക്കി അവിടെ സന്യാസിനിയെപ്പോലെ കഴിഞ്ഞു. ഏറെ നാൾ കഴിയും മുമ്പ് ജൂലിയെറ്റയും മരിച്ചു, അവളെ അതേ ശവകുടീരത്തിൽ തന്നെ അടക്കുകയും ചെയ്തു.

കഥ പറഞ്ഞു കേട്ട് ധാരാളം പേർ, പ്രത്യേകിച്ചും പ്രണയം കൊണ്ടു മുറിവേറ്റവർ, അവിടം സന്ദർശിക്കാനെത്തി. പോകെപ്പോകെ അത് ഒരു പ്രണയസ്മാരകമായി മാറി. ഗ്രാമീണർ കുന്നു മുഴുവൻ റോസാച്ചെടികൾ നട്ടുപിടിപ്പിച്ചു. ഒരു വശം മുഴുവനും ചുവപ്പ്, മറുവശം മുഴുവനും വെള്ള. വൈരാഗ്യത്തിന്റെ വില ഓർമ്മിപ്പിച്ച് ഇന്നും അവിടെ റോസാപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നു.

3 comments: